Articles From Warmmaj With Love Details

കാട്ജു സാഹിബും അമേരിക്കന്‍ നോവലിസ്റ്റും

calender 25-05-2022

പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്‌ഡേയ കാട്ജു സാഹിബ് കുറച്ചുനാള്‍ മുമ്പ് മുംബായി സര്‍വകലാശാലയില്‍ 'ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ, പൗരാണികവും ആധുനികവും' എന്ന വിഷയത്തെക്കുറിച്ച് നടത്തിയ ജസ്റ്റീസ് എം.സി.ഛഗ്‌ളാ അനുസ്മരണ പ്രഭാഷണത്തില്‍ പറയുകയുണ്ടായി.ഇന്ത്യന്‍ വോട്ടറന്മാരില്‍ 90 ശതമാനവും വിഡ്ഢികളാണ്. ബാക്ക് വേര്‍ഡാണ്. അവര്‍ വോട്ടു ചെയ്യുന്നത് ജാതി നോക്കിയാണ്. സത്യസന്ധതയില്‍ ആരും വിശ്വസിക്കുന്നില്ല. ഇത് വെറും നിരക്ഷരരുടെയും ദരിദ്രരുടെയും മാത്രം കാര്യമല്ല. പ്രൊഫസറന്മാരും വക്കീലന്മാരും എല്ലാം ജാതിഭ്രാന്തന്മാരാണ്.

അന്ന് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച സമയമാണ്. അദ്ദേഹം ചോദിച്ചു.അരവിന്ദ് കേശ്രിവാള്‍, നിങ്ങളുടെ പാര്‍ട്ടി ഏതു ജാതിയെയാണ് പ്രതിനി

ധീകരിക്കുന്നത്? അണ്ണാ ഹസാരെ അഴിമതിക്കെതിരായി ഒരുപാട് ഒച്ച വച്ചു. പക്ഷെ വല്ല പ്രയോജനവുമുണ്ടായോ? അഴിമതിക്ക് വല്ല കുറവുമുണ്ടായോ? നിങ്ങള്‍ സത്യസന്ധനായിരിക്കും. പക്ഷെ ഇന്ത്യക്കാരന്റെ സ്വഭാവത്തിന് വ്യത്യാസം വരികില്ല.അദ്ദേഹം പറഞ്ഞു.

ജ്യോതിഷത്തിലും ജന്മനാ ലഭിച്ച ഉച്ചനീചത്വത്തിലും ഇപ്പോഴും വിശ്വസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിലെ 90 ശതമാനം വരുന്ന ബഹുഭൂരിപക്ഷത്തെയും ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്ന് ആധുനിക ശാസ്ത്രീയ മനസ്സിലേക്ക് മാറ്റാന്‍ പ്രവര്‍ത്തിക്കേണ്ട പത്ര-ടെലിവിഷന്‍ വാര്‍ത്താ മാദ്ധ്യമങ്ങള്‍ വെറും നോണ്‍ ഇഷ്യൂകളെ വാര്‍ത്തകളായി മുന്നില്‍ കൊണ്ടു വന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ് ഇന്നു ചെയ്യുന്നത്. ഇന്ത്യയിലെ 50 ശതമാനം കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ലഭിക്കുന്നില്ല തുടങ്ങിയ ഏറ്റവും പ്രധാനമായ പ്രശ്‌നങ്ങളില്‍പ്പോലും മീഡിയാ നിശ്ശബ്ദരാണ്. ദാരിദ്ര്യം, ജാതിമത വേര്‍തിരിവുകള്‍, തൊഴിലില്ലായ്മ, അന്ധവിശ്വാസം തുടങ്ങിയവയ്‌ക്കെതിരായി സമൂഹത്തെ സമരം ചെയ്യാന്‍ തയ്യാറാക്കുകയാണ് മീഡിയായുടെ കര്‍മ്മം.

ഇത് കേട്ടപ്പോള്‍ എനിക്ക് ആയിടെ ഉണ്ടായ ഒരു അനുഭവമാണ് ഓര്‍മ്മ വന്നത്.

എന്റെ ഒരു സുഹൃത്ത്, കൊച്ചിയിലെ ടൂര്‍ ഓപ്പറേറ്റിംഗ് ബിസിനസ്സുകാരനാണ്, ഒരു പ്രഭാതത്തില്‍ എന്നെ വിളിച്ചു. വര്‍മ്മാജി, ഒരു ഹെല്‍പ്പു വേണം.

പ്രശ്‌നം അദ്ദേഹം വിവരിച്ചു. ഒരു അമേരിക്കന്‍ നോവലിസ്റ്റ് കൊച്ചിയില്‍ തന്റെ ടൂര്‍ പാക്കേജ് സെറ്റില്‍ വന്നിരിക്കുന്നു. മൂന്നു ദിവസം കേരളത്തിലുണ്ട്. തേക്കടിയും കുമരകവും കാണണം. ഒരു പകല്‍ കൊച്ചിയിലാണ്. ഉച്ചയ്ക്ക് ഡച്ച് പാലസും സിനഗോഗും കായല്‍ ചുറ്റലും. വൈകിട്ട് ആറരയ്ക്ക് കഥകളി കാണണം. അഞ്ചു മുതല്‍ ആറു വരെ സമയം സാഹിത്യത്തിന് നീക്കി വച്ചിരിക്കുകയാണ്. ഇവിടുത്തെ കുറഞ്ഞത് ഒരു സാഹിത്യകാരനുമായി ഒരു ഇന്റര്‍ ആക്ഷന്‍. സംസാരിക്കണം. വര്‍മ്മാജി രക്ഷിക്കണം.ഞാന്‍ സമ്മതിച്ചു. പേര് ഞാന്‍ കുറിച്ചെടുത്തു. നെറ്റില്‍ കയറി അവരുടെ ഭൂമിശാസ്ത്രവും ചരിത്രവും മനസ്സിലാക്കി. മൂന്നു നോവല്‍. കുറെ കോളം. സോഷ്യല്‍ ഇഷ്യൂസിലാണ് പ്രിയം. ബ്ലാക്ക് എഴുത്തുകാരിയാണ്. സാന്‍ഫ്‌റാന്‍സിസ്‌ക്കോയില്‍ താമസിക്കുന്നു.വൈകിട്ട് ഫൈന്‍ ആര്‍ട്‌സ് ഹാളിലെ ചെറിയ മുറിയില്‍ കൃത്യസമയത്ത് അവര്‍ എത്തി.നല്ല തടിയും ഉയരവും ഉള്ള മദ്ധ്യവയസ്‌ക്ക. കൂടെ അത്ര തന്നെ ഉയരവും ആകര്‍ഷണീയമായ മുഖകാന്തിയുമുള്ള മംഗോളിയന്‍ നിറമുള്ള പുരുഷന്‍. ആള് മെലിഞ്ഞതാണെന്നേ വ്യത്യാസമുള്ളു അയാളുടെ പ്രായം ഞാനെത്ര ശ്രമിച്ചിട്ടും ഊഹിച്ചെടുക്കാന്‍ പറ്റിയില്ല. ഇരുപതു മുതല്‍ അമ്പതുവരെ ഏതുമാകാം. മൈ കംപാനിയന്‍ എന്നാണ് നോവലിസ്റ്റ് അയാളെ പരിചയപ്പെടുത്തിയത്.

നോവലിസ്റ്റും ഞാനും കേരളത്തെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയെക്കുറിച്ച് സംസാരിച്ചു. കൊച്ചിയുടെ പാരമ്പര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും സംസാരിച്ചു. പക്ഷെ അവര്‍ക്ക് അറിയേണ്ടിയിരുന്നത് ഇന്ത്യയില്‍ 125 മില്യണ്‍ കുട്ടികള്‍ വിശന്നു കഴിയുന്നു. സ്‌ക്കൂളില്‍ പോകാതെ എന്ന് അന്ന് ഒരു പത്രവാര്‍ത്ത കണ്ടു. ഈ കുട്ടികള്‍ക്കു വേണ്ടി എന്തുകൊണ്ട് ഇന്ത്യന്‍ എഴുത്തുകാര്‍ ശബ്ദമുയര്‍ത്തുന്നില്ല? ഞാന്‍ പറഞ്ഞു.

ഇവിടെ വിദ്യാഭ്യാസവും അക്ഷരാഭ്യാസവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പടിഞ്ഞാറന്‍ ചിന്തകളും ധാരണകളും ഉണ്ടാക്കിയ അളവുകോലുകളിലൂടെയാണ് ഏഷ്യന്‍ സമൂഹത്തിനെ ലോകം കണ്ടു വരുന്നത്. ഇവിടുത്തെ ദാരിദ്ര്യം ഡോളറിന്റെ മൂല്യത്തിലാണ് നിങ്ങള്‍ കണക്കു കൂട്ടുന്നത്. ഗ്രാമങ്ങളും കുടിലുകളും അവയുടെ സാമ്പത്തിക ശക്തിയും കുട്ടികളുടെ കാലാവസ്ഥാനുയോജ്യമായ ആരോഗ്യനിലയും ശരിയായ കണക്കുകളുടെ പരിധിയില്‍ കൊണ്ടു വരുന്ന സ്റ്റാറ്റിറ്റിക്‌സ് ചിന്തകള്‍ ഇനിയും ഉണ്ടാകാനിരിക്കുന്നതേയുള്ളു.

ഒരു എസ്‌ക്കേപ്പിസ്റ്റ് മറുപടിയാണെന്ന് എനിക്കറിയാം. അവര്‍ പറഞ്ഞു.

നിങ്ങളാണ് ലോകത്തില്‍ ഏറ്റവുമധികം ആയുധം വാങ്ങിക്കൂട്ടുന്നവര്‍. എന്നിട്ട് അഹിംസയുടെ ഗാന്ധിജിയെ നിങ്ങളുടെ ഇമേജാക്കുകയും ചെയ്യുന്നു. ഞങ്ങള്‍ക്കു മനസ്സിലാകാത്ത വല്ലാത്ത വിരോധാഭാസം. എനിക്ക് ഉത്തരം മുട്ടി. ലോകത്ത് ആയുധങ്ങള്‍ വാങ്ങുന്നതിനു വേണ്ടി ഏറ്റവുമധികം പണം ചിലവിട്ട രാഷ്ട്രം ഇന്ത്യയാണ്.  യു.എസ്. കോണ്‍ഗ്രസ്സില്‍ സമര്‍പ്പിച്ച ആധികാരികമായ റിപ്പോര്‍ട്ടനുസരിച്ച് 2010ല്‍ ആയുധവ്യാപാരമേഖല മാന്ദ്യത്തിലേക്ക് വീണു. 2009ല്‍ മൂന്നേകാല്‍ ലക്ഷം കോടി രൂപായുടെ വ്യാപാരം നടന്നിടത്ത് 2010ല്‍ രണ്ടു ലക്ഷം കോടി രൂപയുടേതായി കുറഞ്ഞു. 2003നു ശേഷം ഇത്രയും കുറച്ചു വ്യാപാരം നടന്ന കാലം ഉണ്ടായിട്ടില്ലത്രെ. സാമ്പത്തികമാന്ദ്യം വല്ലാതെ കുഴപ്പത്തിലാക്കിയ യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ആയുധം വാങ്ങല്‍ ബജറ്റ് കുറച്ചു. പക്ഷെ ഇന്ത്യ, തായ്‌വാന്‍, സൗദി അറേബ്യ, പാകിസ്ഥാന്‍ ഈ ഓര്‍ഡറില്‍ മാര്‍ക്കറ്റില്‍ കാത്തു നിന്ന ഭീമന്മാര്‍ ഇക്കാലത്ത് കൂടുതല്‍ ആയുധം വാങ്ങി ഈ മാന്ദ്യത്തിന്റെ ആഴം കുറച്ചു. ആ റിപ്പോര്‍ട്ട് ആഹ്വാനം ചെയ്തു. ഇന്ത്യയിലേക്കു പോകൂ. സഹസ്രകോടികളുടെ കീശയുമായി ഇന്ത്യ ഇതാ റഡിയായി കാത്തു നില്‍ക്കുന്നു. റഷ്യയെയും ഫ്രാന്‍സിനെയും ഔട്ടാക്കി ഇന്ത്യക്ക് ആയുധം വില്‍ക്കൂ.ആയുധത്തിന് ആഹാരത്തെക്കാളും പ്രൈമറിവിദ്യാഭ്യാസത്തെക്കാളും പ്രാധാന്യം കൊടുക്കാന്‍ ഇന്ത്യയെയും പാകിസ്ഥാനെയും അതുപോലെയുള്ള എമര്‍ജിംഗ് ഇക്കോണമികളെയും നിര്‍ബന്ധിതരാക്കുക എന്നത് വരുംകാല ഗ്ലോബല്‍ രാഷ്ട്രീയത്തിന്റെ ലക്ഷ്യമായിരിക്കും. യുദ്ധം വേണ്ട, യുദ്ധഭയം മതി ആയുധ ബിസിനസ്സിന്. പ്രാഥമികവിദ്യാഭ്യാസരംഗത്ത് ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും. ഉന്നത ശാസ്ത്രീയസാങ്കേതിക വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങള്‍ നിരത്തി നാം ലോകത്ത് നമ്പര്‍ വണ്‍ അല്ലെങ്കില്‍ നമ്പര്‍ ടു എന്ന് നെഞ്ഞു വിരിക്കുന്നതില്‍ അമേരിക്കയ്ക്ക് സന്തോഷമേയുള്ളു. അവര്‍ക്ക് ചിലവു കുറച്ച് ഔട്ട് സോഴ്‌സിംഗിന് മിടുക്കരായ ഇന്ത്യന്‍ കുട്ടികളെ കിട്ടുമല്ലോ.ഞാന്‍ പറഞ്ഞു.നിങ്ങളാണിതിനു കാരണം. ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് മനസ്സുകള്‍. അവര്‍ നിങ്ങളുടെ രാഷ്ട്രീയത്തെ കൈപ്പിടിയിലാക്കി ഏഷ്യയില്‍ യുദ്ധഭീതി നിലനിര്‍ത്തുന്നു. ആയുധം വാങ്ങിക്കൂട്ടാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നു.അവര്‍ ചിരിച്ചു.ആയിരിക്കാം. പക്ഷെ ഇത് കണ്ടിട്ടും കണ്ടില്ലെന്നു നടിക്കാന്‍ എഴുത്തുകാര്‍ക്ക് എങ്ങിനെ കഴിയുന്നു? 125 മില്യണ്‍ ഇന്ത്യന്‍ കുഞ്ഞുങ്ങളുടെ വിശപ്പ് നിങ്ങള്‍ക്കു മനസ്സിലാകില്ലേ? അവരെ എന്തേ വിശപ്പു മാറ്റി പള്ളിക്കൂടത്തിലയക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നില്ല?

എനിക്കുത്തരമില്ലായിരുന്നു. നമ്മുടെ ചിന്തകള്‍ പോലും ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണോ? കട്ജു സാഹിബും അമേരിക്കന്‍ നോവലിസ്റ്റും ചൂണ്ടിക്കാട്ടിയത് ഒന്നു തന്നെയല്ലേ?

 

കെ. എല്‍. മോഹനവര്‍മ്മ

 

Share